തിരുവനന്തപുരം: ഈ കേസിൽ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. താൻ സർക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകൾ കോടതിയിൽ ഉന്നയിക്കുകയായിരുന്നു. അത് സർക്കാരിനെതിരെ എന്ന നിലയിൽ കൺവേ ചെയ്യപ്പെട്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് അറിയിക്കാൻ കഴിഞ്ഞു. കേസിൽ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.

താൻ കോടതിയിൽ പോയതിന് പിന്നിൽ കോൺഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവർ പറയട്ടെ. പോരാടാൻ തയ്യാറല്ലെങ്കിൽ താൻ മുൻപേ ഇട്ടിട്ട് പോകണമായിരുന്നു. തീർച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞ അതിജീവിത പക്ഷെ, തനിക്കെതിരെ ഇടത് നേതാക്കളിൽ നിന്നുയർന്ന വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.