കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ അതിരൂക്ഷമായ പൊടിക്കാറ്റ്  ആഞ്ഞുവീശുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, സിറിയ, ഇറാന്‍, യുഎഇ  എന്നീ രാജ്യങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ശക്തമായ പൊടിക്കാറ്റില്‍ ദുരിതമനുഭവിക്കുകയാണ്. ഇറാഖില്‍ നിന്നാണ് പശ്ചിമേഷ്യയിലെ പൊടിക്കാറ്റുകള്‍ അധികവും രൂപം കൊണ്ടത്. കഴിഞ്ഞ മാസം മുതലാണ് ശക്തമായ രീതിയില്‍ പൊടിക്കാറ്റ് രൂപം കൊണ്ട് തുടങ്ങിയതെങ്കിലും ഇപ്പോഴും പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും ശക്തമായ പൊടിക്കാറ്റാണ് വീശുന്നത്.

ശക്തമായ കാറ്റില്‍ മണലും പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കാഴ്‍ച മറയുന്ന തരത്തില്‍ പൊടിക്കാറ്റായി രൂപാന്തരം പ്രാപിക്കുന്നത്. പലപ്പോഴും ദിവസങ്ങളോളും നീണ്ടുനില്‍ക്കുന്ന പൊടിക്കാറ്റാണ് പശ്ചിമേഷ്യയില്‍ വീശിയടിക്കുന്നത്.

ഇറാഖ്, സിറിയ, ഇറാൻ എന്നിവയുൾപ്പെടെ പശ്ചിമേഷ്യയിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ മണൽക്കാറ്റിനാല്‍ മൂടപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ആളുകളെയാണ് ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി രാജ്യങ്ങളില്‍ ദിവസങ്ങളോളും വിമാന സര്‍വ്വീസ് തടസപ്പെട്ടു.

റിയാദ് മുതൽ ടെഹ്‌റാൻ വരെ, തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള ആകാശവും കട്ടിയുള്ള മൂടുപടവും കഴിഞ്ഞ തിങ്കളാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. കാലാവസ്ഥയിലുണ്ടാകുന്ന ഇത്തരം സൂചനകള്‍ കൊടുങ്കാറ്റുള്ള ദിവസത്തിന്‍റെ സൂചനയാണ്.

വസന്തത്തിന്‍റെ അവസാനത്തിലും വേനൽക്കാലത്തും പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും മണൽക്കാറ്റുകൾ സാധാരണമാണ്. എന്നാല്‍ ഇത്തവണ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് അതിരൂക്ഷമായിരുന്നു. ഈ വർഷം മാർച്ച് മുതൽ ഇറാഖിൽ ഏതാണ്ട് എല്ലാ ആഴ്ച്ചകളിലും പൊടിക്കാറ്റ് വീശുകയാണ്

 

കഴിഞ്ഞ വര്‍ഷം പശ്ചിമേഷ്യന്‍ മേഖലയില്‍ ശക്തമായ ഉഷ്ണതരംഗം (Heat wave) വീശിയിരുന്നു. എന്നാല്‍ ഈ വര്‍ഷം പൊടിക്കാറ്റാണ് പശ്ചിമേഷ്യയെ മൂടുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇറാഖില്‍ ആഞ്ഞടിക്കുന്ന പത്താമത്തെ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസം വീശിയത്. ഈ ദിവസങ്ങളിലെല്ലാം സര്‍ക്കാര്‍ ദേശീയ അവധി പ്രഖ്യാപിച്ചിരുന്നു.

ഇറാഖ് ആരോഗ്യ മന്ത്രാലയം, കഠിനമായ പ്രദേശങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഓക്സിജൻ ക്യാനിസ്റ്ററുകൾ സംഭരിച്ചതായി അറിയിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാൽ രാജ്യത്തുടനീളമുള്ള 1,000-ത്തിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് സെയ്ഫ് അൽ-ബദർ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

“ഇത് മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നമാണ്, എന്നാൽ ഓരോ രാജ്യത്തിനും വ്യത്യസ്ത അളവിലുള്ള ദുർബലതയും ബലഹീനതയും ഉണ്ട്,” ബാഗ്ദാദിലെ അൽ-ഖാദിസിയ സർവകലാശാലയിലെ ജിയോ ആർക്കിയോളജിസ്റ്റ് ജാഫർ ജോതേരി പറഞ്ഞു. പ്രത്യേകിച്ചും ഇറാഖിൽ, മഴയിലുണ്ടായ കുറവ് മൂലം മരുഭൂവൽക്കരണം രൂക്ഷമായത് കൊടുങ്കാറ്റിന്‍റെ തീവ്രത വർദ്ധിപ്പിക്കുന്നുവെന്നും ജോതേരി വിശദീകരിച്ചു.

ധാരാളം മരുഭൂമികളുള്ള ഒരു താഴ്ന്ന രാജ്യത്ത്, അതിന്‍റെ ആഘാതം ഏകദേശം ഇരട്ടിയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 17 വർഷത്തെ ജലനിർവ്വഹണവും നഗരവൽക്കരണവും കാരണം ഇറാഖിന് അതിന്‍റെ മൂന്നിൽ രണ്ട് ഭാഗം പച്ചപ്പും നഷ്ടപ്പെട്ടു. ” അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇറാഖികൾ തങ്ങളുടെ പ്രദേശങ്ങളിലെ മണൽക്കാറ്റിനെക്കുറിച്ച് അയൽവാസികളേക്കാൾ കൂടുതൽ പരാതിപ്പെടുന്നതെന്നും ജോതേരി അഭിപ്രായപ്പെട്ടു.

സിറിയയിൽ, ഇറാഖിനോട് അതിർത്തി പങ്കിടുന്ന കിഴക്കൻ പ്രവിശ്യയായ ഡീർ എൽ-സൗറിൽ മണൽക്കാറ്റ് വീശിയടിച്ചതിനാൽ മെഡിക്കൽ വകുപ്പുകൾ ജാഗ്രത പുലർത്തിയതായി സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ഈ മാസം ആദ്യം, പ്രദേശത്ത് സമാനമായ കൊടുങ്കാറ്റിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നൂറുകണക്കിന് ആളുകളെ ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ആശുപത്രികൾ സജ്ജമാണെന്നും ആംബുലൻസുകൾ സജ്ജമാണെന്നും സിറിയൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ദേർ എൽ-സൗറിലെ ഓഫീസ് മേധാവി ബഷാർ ഷൗയ്ബി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു. 850 ഓക്‌സിജൻ ടാങ്കുകളും ശ്വാസകോശ രോഗികളെ കൈകാര്യം ചെയ്യാൻ ആവശ്യമായ മരുന്നുകളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ശക്തമായ മണൽക്കാറ്റ് രാജ്യത്തെ മൂടിയതോടെ കുവൈത്തിലെ ആകാശം ഓറഞ്ച് നിറമായി. ഈ മാസം രണ്ടാം തവണയും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൊടി കാരണം എല്ലാ വിമാന സര്‍വ്വീസുകളും നിർത്തിവച്ചു. ഈ മാസം ആദ്യം വീശിയ മറ്റൊരു കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കനത്ത മണൽക്കാറ്റ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വീശിയടിച്ചത്. കിംഗ്ഡം സെന്‍റർ പോലുള്ള വലിയ കെട്ടിടങ്ങള്‍ പോലും ചാരനിറത്തിലുള്ള പൊടിക്കാറ്റില്‍ മറയ്ക്കപ്പെട്ടു.

ഇറാനില്‍ ആഞ്ഞടിച്ച മണൽക്കാറ്റിനെ തുടർന്ന് ടെഹ്‌റാൻ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും കഴിഞ്ഞയാഴ്ച ഇറാൻ അവധി നല്‍കിയിരുന്നു. രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ മരുഭൂമി പ്രദേശമായ ഖുസെസ്ഥാനിലാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിച്ചത്. അവിടെ 800-ലധികം ആളുകൾ ശ്വാസകോശ ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടി.

പടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തു. കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും മൂലം ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതും സർക്കാറിന്‍റെ തെറ്റായ മാനേജ്മെന്‍റുമാണ് മണൽക്കാറ്റിന്‍റെ വർദ്ധനവിന് കാരണമെന്ന് ഒരു പ്രമുഖ പരിസ്ഥിതി വിദഗ്ധൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ നേരത്തെ രാജ്യത്തുണ്ടായിരുന്ന തണ്ണീർത്തടങ്ങൾ കൃഷിക്കായി വറ്റിച്ചിരുന്നു. ഇതോടെ രാജ്യത്ത് പൊടി ഉയരുന്നത് ഒരു സാധാരണ സംഭവമായിമാറി. കഴിഞ്ഞ വര്‍ഷം വീശിയടിച്ച ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം പൊടിക്കാറ്റ് കൂടുതല്‍ ശക്തമായി മാറി.

ഇറാനില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലാണ് പൊടിക്കാറ്റുകള്‍ വീശിയടിച്ചത്. രാജ്യത്ത് പൊടിക്കാറ്റ് വാർഷിക വസന്തകാല പ്രതിഭാസമായി മാറുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഇറാനിയൻ വാട്ടർ എഞ്ചിനീയർമാരുടെ സംഘടനയുടെ തലവനായ അലിറേസ ശരീഅത്ത് കഴിഞ്ഞ മാസം ഇറാന്‍റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയോട് പറഞ്ഞു.

സൗദി തലസ്ഥാനമായ റിയാദിൽ കഴിഞ്ഞ ആഴ്ചകളില്‍ അതിശക്തമായ പൊടിക്കാറ്റാണ് വീശിയത്. തലസ്ഥാനമായ റിയാദിൽ 30 കിലോമീറ്റർ വേഗത്തില്‍ പൊടിക്കാറ്റ് വീശിയടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു.

റിയാദില്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രവിശ്യകളിലും പൊടിക്കാറ്റ് വീശി. കിഴക്കൻ പ്രവിശ്യയിൽ ദമ്മാമും ജുബൈലും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്ചകളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടു.

റിയാദില്‍ പൊടിക്കാറ്റ് വീശിയടിച്ചപ്പോള്‍ 82 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

റിയാദില്‍ മണിക്കൂറില്‍ ഏതാണ്ട് 45 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‍റാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളിലും പൊടിക്കാറ്റ് വീശിയടിച്ചു. അല്‍ ഖസീം, റിയാദ്, തബൂക്ക്, അല്‍ ജൌഫ്, ഹായില്‍, വടക്കന്‍ അതിര്‍ത്തി, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമായിരുന്നു.

റിയാദില്‍ പൊടിക്കാറ്റ് വീശി അടിച്ചതിനെ തുടര്‍ന്ന് 1,285 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച വീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങളുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം പൊടിക്കാറ്റിനെ തുടര്‍ന്ന് തടസപ്പെട്ടു. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലില്‍ ഉത്തരവിട്ടിരുന്നു.

കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. ശക്തമായ പൊടിക്കാറ്റ്, പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്ത് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചത്. കുവൈത്തില്‍ ഏതാണ്ട് 50 കിലോമീറ്റര്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയത്.