തിരുവനന്തപുരം കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ശാഖാകുമാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

സമ്ബന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുന്‍പാണ് പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുണ്‍ പൊലീസിനോട് നടത്തിയ കുറ്റസമ്മതം.

വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത് അരുണിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായെന്നും അരുണ്‍ പോലീസിനോട് പറഞ്ഞു. വിവാഹമോചനം ശാഖാകുമാരി അംഗീകരിക്കാതെ വന്നതോടെ വൈരാഗ്യം വര്‍ധിച്ചു. തുടര്‍ന്നാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

മുന്‍പ് വൈദ്യുത മീറ്ററില്‍ നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നുവെന്ന ഹോം നഴ്‌സിന്റെ വെളിപ്പെടുത്തല്‍ സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കി. വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കടിപ്പിച്ചാണ് ശാഖയെ അരുണ്‍ കൊലപ്പെടുത്തിയത്. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് അയല്‍ക്കാരെ വിവരമറിയിച്ചതും ആശുപത്രിയലെത്തിച്ചതുമെന്നും വിവരം.

മരണം മണിക്കൂറുകള്‍ക്ക് മുന്‍പ് സംഭവിച്ചുവെന്ന് ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്. കൂടാതെ ശാഖയുടെ മൂക്ക് ചതഞ്ഞതും ശരീരത്തില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതും സംശയം വര്‍ധിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുണ്‍ കുറ്റം സമ്മതിച്ചത്.