തിരുവനന്തപുരം: വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം അറിയിച്ചത്.

എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ തനിക്കുള്ള അതൃപ്തി സ്പീക്കറെ അറിയിച്ചു. പ്രത്യേക സഭാ സമ്മേളനത്തിന് അനുമതി തേടിയ രീതി ശരിയായില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞ ബുധനാഴ്ച പ്രത്യക സമ്മേളനം ചേരാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലാത്തതിനാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു. പ്രതിപക്ഷവും സര്‍ക്കരിനെ അനുകൂലിച്ച്‌ രംഗത്ത് വന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമായി കത്തുകള്‍ മുഖേന ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് മന്ത്രിമാരായ വിഎസ് സുനില്‍കുമാറും എകെ ബാലനും കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.