പത്തനംതിട്ട: കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ 156.60 കോടി രൂപയായിരുന്നു വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപയായി ചുരുങ്ങി.

ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്. കഴിഞ്ഞ 6 മാസത്തിനിടയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 50 കോടി രൂപ കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മണ്ഡലകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് 71,706 പേര്‍ മാത്രമാണ്. തീര്‍ത്ഥാടന കാലയളവില്‍ ഇതുവരെ 390 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 289 പേര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ്. സുപ്രീം കോടതി വിധി വരുന്നത് വരെ ഹൈക്കോടതി വിധി പ്രകാരം 5000 പേര്‍ക്ക് ദര്‍ശനം നല്‍കുമെന്നും ദേവസ്വംബോര്‍ഡ് അറിയിച്ചു.