ലക്നൗ: കാമുകന്‍ വിവാഹം കഴിക്കില്ലെന്ന് അറിയിച്ച നിരാശയില്‍ യുവതി ജീവനൊടുക്കി. യുപി കൗഷമ്ബി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കിയത്. സൈനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സിറാത്തു ടൗണ്‍ഷിപ്പ് മേഖലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴി‍ഞ്ഞ ദിവസം രാത്രി മരിച്ചു.

പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കാമുകനായ അച്ഛെ സോങ്കര്‍ എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതതായി പൊലീസ് സൂപ്രണ്ടന്‍റ് അഭിനന്ദന്‍ വ്യക്തമാക്കി. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായിരുന്നു യുവാവും യുവതിയും. ഇവര്‍ തമ്മില്‍ കുറച്ചു കാലങ്ങളായി പ്രണയിത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈയടുത്ത് യുവതി കാമുകനോട് വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചു. എന്നാല്‍ അഭ്യര്‍ഥന ഇയാള്‍ നിരസിച്ചു. ഇത് മൂലം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ചൊവ്വാഴ്ചയോടെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ബന്ധുക്കള്‍ ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് അലഹബാദിലെ എസ്‌ആര്‍എന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.