തിരുവനന്തപുരം: കൃഷിമന്ത്രി വി എസ് സുനില്‍കുമാറും നിയമമന്ത്രി എ കെ ബാലനും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഡിസംബര്‍ 31ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇരുവരുടെയും സന്ദര്‍ശനം.

ഗവര്‍ണറുമായി 35 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

”ഗവര്‍ണറുമായി ഫലപ്രദമായ ചര്‍ച്ച നടത്താനായി. മുപ്പത്തിയഞ്ച് മിനിറ്റോളം നീണ്ടുനിന്ന് കൂടിക്കാഴ്ചയില്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അദ്ദേഹം ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും”- മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

ഗവര്‍ണര്‍ നിയമസഭ ചേരുന്നതിനുളള അനുമതി നല്‍കിയേയ്ക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരേ പ്രമേയം പാസ്സാക്കുന്നതിനുവേണ്ടി വിളിച്ചുചേര്‍ക്കാനുദ്ദേശിച്ചുകൊണ്ടുള്ള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഡിസംബര്‍ 23ന് നിയമസഭ വിളിച്ചചേര്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും ഗവര്‍ണര്‍ ഇടഞ്ഞതോടെ ഡിസംബര്‍ 31ലേക്ക് മാറ്റുകയായിരുന്നു. ആ തിയ്യതിയിലും സമ്മേളനം നടക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.