പ്രണയം നടിച്ച്  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയില്‍. വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്. കൊയിലാണ്ടി സബ്ബ്-ഇസ്പെക്ടർ സുബൈറിന്‍റെ നേതൃത്വത്തിൽ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജിഷ്ണുവിനെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരെ കേസെടുത്തതറിഞ്ഞതോടെ  ദുബായിലേക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് ചെന്നെയിൽ വിമാനമിറങ്ങിയത്. ലുക്കൌട്ട് നോട്ടീസുണ്ടായിരുന്ന പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ചു  കൊയിലാണ്ടി പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്.ഐ. സുബൈർ , സി.പി.ഒ. മാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ ജിഷ്ണുവിനെ റിമാന്‍റ് ചെയ്തു.