ദില്ലി: മുണ്ട്കയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. 6 മണിക്കൂർ കൊണ്ടാണ് തീ പൂർണമായി അണയ്ക്കാനായത്. കൂടൂതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താൻ കെട്ടിടത്തിൽ പരിശോധന തുടരുകയാണ്. മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് ദില്ലി പൊലീസ് ഔട്ടർ ഡിസിപി സമീർ ശർമ പറഞ്ഞു.
മൃതദേഹങ്ങളിൽ പലതും പൂർണമായി കത്തിയ നിലയിലാണ്. മരിച്ച 2 പേരെ തിരിച്ചറിഞ്ഞു. 25 മൃതദേഹം തിരിച്ചറിയാനുണ്ടെന്നും ഡിസിപി സമീർ ശർമ പറഞ്ഞു. കെട്ടിട ഉടമയും കുടുംബവുമാണ് മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. കെട്ടിട ഉടമസ്ഥരായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ഇവർക്കെതിരെ കേസ് എടുത്തു. കെട്ടിടത്തിന് അഗ്നിശമന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നു എന്നും സമീർ ശർമ വ്യക്തമാക്കി. കമ്പനി ഉടമകളെ ചോദ്യം ചെയ്യുകയാണ്. ഉടമ ഉടൻ അറസ്റ്റിലാകുമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും ഡിസിപി പറഞ്ഞു.
ഇരുന്നൂറിലധികം പേർ കമ്പനിയിലുണ്ടായിരുന്നു എന്ന് രക്ഷപ്പെട്ട പ്രീതി പറഞ്ഞു. ജനറേറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. പ്രീതിയുടെ ഒരു കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. അപകടം ഉണ്ടായ ഉടൻ കമ്പനിയിലെ സുരക്ഷാ ഗാർഡുകൾ ഓടി രക്ഷപ്പെട്ടെന്ന് പ്രീതിയുടെ സഹോദരി ജ്യോതി പറഞ്ഞു. ഒന്നര മണിക്കൂറിന് ശേഷമാണ് അഗ്നിശമനസേന എത്തിയതെന്ന് ദൃക്സാക്ഷി വിനയ് ഉപാധ്യായ പറഞ്ഞു.
കത്തിയമർന്നത് നാലുനില കെട്ടിടം
ദില്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് മുണ്ട്കായിലുണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്. കെട്ടിടത്തിന്റെ ജനലുകള് തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.