ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കണ്ടെത്തലുകൾ. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ് ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ നജ് ലയില്‍ റെനീസ് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. റെനീസിന്‍റ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

കേസിൽ അറസ്റ്റിലായ റെനീസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസന്വേഷണം ആലപ്പുഴ ഡിസിആര്‍ബി ഡിവൈസ്പിക്ക് കൈമാറിയിട്ടുണ്ട്.

‘മറ്റൊരു സ്ത്രീയുമായി ബന്ധം, മ‍ര്‍ദ്ദനം, മരിച്ചതോടെ ഡയറി മാറ്റി’; പൊലീസുകാരനായ ഭ‍ര്‍ത്താവിനെതിരെ കുടുംബം

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ. റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നും സഹോദരി നഫ്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

”റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റനീസ് പറഞ്ഞിരുന്നു. ഇതംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നജ്ലയെ റനീസ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. നജ്ല ആത്മഹത്യ ചെയ്തതിന്റ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ നജ്ലയും റനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നജല ഒരു ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റനീസ് മാറ്റിയതാണ്”. അതിൽ അന്വേഷണം വേണമെന്നും റനീസിനെതിരെ ആത്മ ഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനും കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.