എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളെന്ന് കോടതി പറഞ്ഞു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലർഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം.

പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.‌ എസ്ഡിപിഐ പ്രവർത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് സഞ്ജിത്തിനെ കൊന്നത്. കേസിലെ മുഖ്യ പ്രതികളെ പിടികൂടിയതായി കോടതി അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ അന്തിമ റിപ്പോർട്ട് ഹാജരാക്കിയതിനാൽ പ്രതികൾക്ക് ജാമ്യവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.