: മോഡല്‍ ഹഷാനയുടെ (shahana)  മരണം ആത്മഹത്യയെന്ന് (Suicide) പോസ്റ്റുമോർട്ടത്തില്‍ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ പറഞ്ഞു. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തി. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് സജാദ് ഷഹാനയെ കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സജാദിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വർഷം മുൻപായിരുന്നു സജാദിന്‍റെയും ഷഹാനയുടേയും വിവാഹം. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്.