കോഴിക്കോട്: വിവാഹവാർഷികത്തിന്  കേക്ക് ഗിഫ്റ്റായി നൽകുമ്പോൾ സൂക്ഷിക്കണം. അതിന് മേൽ എഴുതാനുള്ള  സന്ദേശം കൃത്യമായി കേക്ക് മേക്കർക്ക് നൽകിയില്ലെങ്കിൽ പണി പാളും. കേക്കിന് പുറത്ത് എഴുതിയ ആശംസ വായിച്ച് അമ്പരന്നിരിക്കുകയാണ് കോഴിക്കോട് കുറ്റ്യാടിക്കടുത്ത് അഷറഫ്-സുഹറ  ദമ്പതികൾ.  ബന്ധു വിവാഹവാർഷികത്തിന് ഫോണിലൂടെ കേക്ക് ഓർ‍ഡർ ചെയ്തിടത്തു നിന്നാണ് കഥയുടെ തുടക്കം. ഫോണിലൂടെ  കേക്കിന് മുകളിൽ ഹാപ്പി ആനിവേഴ്സറി അഷ്റഫ് ആന്‍റ് സുഹറ എന്നെഴുതാൻ നിർദ്ദേശിച്ചിരുന്നു. കേക്ക് ദമ്പതികൾക്ക് കെട്ടിയപ്പോൾ ദമ്പതികൾ ശരിക്കും ഞെട്ടി.

അതിന് മുകളിൽ എഴുതിയിരുന്നത്  “അയ്മ്മൽ ഹാപ്പി വെഡ്ഡിംഗ്  ആനിവേഴ്സറി അഷറഫ് ആന്റ്  സുഹറാ” എന്നായിരുന്നു. ആരെടാ ഈ അയ്മ്മൽ എന്നായി ദമ്പതികൾ. ഒടുവിൽ ബന്ധുവിനെയും വിളിച്ചു. അവർക്കുമറിയില്ല. ഇങ്ങനെയൊരു വാക്ക് ആശംസ പറയാൻ ഉണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. വിവരമറിഞ്ഞ് വിളി എത്തിയപ്പോള്‍ ബേക്കറിക്കാരും കൈമലർത്തി. ഒടുവില്‍ ഉത്തരം കിട്ടാതെ ദമ്പതിമാര്‍ രണ്ടാം വട്ടവും ബന്ധുവിനെ വിളിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.

‘അയ്മ്മൽ’ എന്നാൽ അതിൻമേൽ എന്നാണ് നാടൻ മലയാളം.  കേക്കിന് മേൽ  ഹാപ്പി വെഡ്ഡിംഗ്  ആനിവേഴ്സറി അഷറഫ് ആന്‍റ്  സുഹറാ എന്ന് എഴുതാനാണ്  ബന്ധു പറഞ്ഞിരുന്നത്. ഓർഡർ എടുത്തയാൾ അയ്മ്മൽ എന്നു കൂടി ചേ‍ർത്തു. ബ്രാക്കറ്റിൽ ഭടൻ കുന്തവുമായി പ്രവേശിക്കുന്നു എന്ന് പണ്ട് നാടക ഡയലോഗിന്റെ ബ്രാക്കറ്റിലെഴുതി വെച്ചത് കൂടി അഭിനയിച്ച കുട്ടികൾ പറഞ്ഞത് പോലെ. ബന്ധു തന്നെയാണ്  ഇക്കാര്യം കുടുംബക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലിട്ടത്. സംഗതി വൈറലായതോടെ  വിവാഹവാർഷികം ആകെ  കളറായി.