തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്, തൽക്കാലത്തേക്കെങ്കിലും അതിനെല്ലാം പരിഹാരങ്ങളുമുണ്ടാകും. എന്നാല്‍ ഇത്തവണ കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്.  ജീവനക്കാര്‍ക്ക് പത്തിന് കിട്ടുമെന്ന് ധാരണയുണ്ടാക്കിയരുന്ന ശമ്പളം എന്ന് കിട്ടുമെന്ന കാര്യത്തിൽ പോലും തീരുമാനം ഇപ്പോഴില്ല. സാമ്പത്തിക പ്രതിസന്ധിക്ക് എന്ത് പരിഹാരം എന്ന ചോദ്യത്തിനും ഉത്തരമില്ല. പണിമുടക്കിയും പ്രതിഷേധിച്ചും അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്ന യൂണിയൻ നേതൃത്വമാകട്ടെ പരിപൂര്‍ണ്ണ നിശബ്ദതയിലുമാണ്. വരുമാനവും ചെലവും ഒരിക്കലും പൊരുത്തപ്പെടാത്തതായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന്റെ എക്കാലത്തേയും പ്രതിസന്ധി. വരുമാന വര്‍ദ്ധനക്ക് കാലാകാലങ്ങളായി നടപ്പാക്കിയ പരിഷ്കാരങ്ങളൊന്നും നടപ്പായില്ല.

വലിയ പ്രതിസന്ധികൾ എപ്പോഴും കെഎസ്ആര്‍ടിസിയെ കാത്തിരുന്നു. ഏറ്റവും ഒടുക്കം ശമ്പളവും പെൻഷനും കൊടുക്കാൻ കാശ് തികയാതായി. തിരിച്ചടവ് മുടങ്ങിയതിനാൽ വായ്പയെടുക്കുന്നതിൽ പ്രശ്നങ്ങളുണ്ട്. പണയം വയ്ക്കാൻ അധികമൊന്നും ഇനി കയ്യിലില്ലതാനും. ഏപ്രിൽ മാസത്തെ ശമ്പളം മെയ് 20 ഓടെ കൊടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഒടുവിലത് മെയ് പത്തിനെന്ന് നിശ്ചയിച്ചു. സര്‍ക്കാര്‍ വാക്ക് കണക്കിലെടുക്കാതെ ട്രേഡ് യൂണിയൻ സമരത്തിനിറങ്ങിയത് ഗതാഗത മന്ത്രിയെ ചൊടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആര്‍ടിസിയെന്നും ശമ്പളത്തിനുള്ള വക ഇനി സ്വയം കണ്ടെത്തിയാൽ മതിയെന്നും മന്ത്രി ആന്‍റണി രാജു വാക്ക് കടുപ്പിച്ചു. ഇനി സര്‍ക്കാര്‍ സഹായത്തിനില്ലെന്നും കൂടി പറഞ്ഞതോടെ മുഖ്യമന്ത്രിയിലായിരുന്നു  ഇടത് യൂണിയൻ അടക്കമുള്ളവരുടെ പ്രതീക്ഷ. അമേരിക്കയിൽ ചികിത്സക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയാലുടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും പക്ഷെ അസ്ഥാനത്തായി. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ കാണാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് മാത്രമല്ല മന്ത്രിയുടെ നിലപാട് സര്‍ക്കാരിന്റെ നിലപാടാണെന്ന ശക്തമായ സന്ദേശവും മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായി. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ വഴി കാണാതെ യൂണിയൻ നേതാക്കളും  വെട്ടിലായത്.

അനിശ്തിതമായി ശമ്പളം വൈകിയിട്ടും പണിമുടക്കോ പ്രതിഷധങ്ങൾ പോലുമോ കാര്യമായി ഉണ്ടായില്ല. സര്‍ക്കാര്‍ വാക്ക് കേൾക്കാതെ പണിമുടക്ക് പ്രഖ്യാപിച്ച് മുന്നോട്ട് പോയ യൂണിയൻ നേതൃത്വങ്ങളുടെ അപക്വ സമീപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് തൊഴിലാളികൾക്കിടയിൽ പോലും മുറുമുറുപ്പുയരുന്നുമുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പും ഒപ്പം സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളും എല്ലാം ഒന്നിന് പിന്നാലെ ഒന്നായി വരുന്ന സാഹചര്യത്തിൽ മുന്നണിക്കകത്തെ രാഷ്ട്രീയ നീക്കങ്ങൾക്ക് പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. 2016 ൽ 44250 ജീവനക്കാരും 6241 ബസ്സുമായിരുന്നു കെഎസ്ആര്‍ടിസിക്ക്. അതായത് ഒരു ബസിന് ഏഴ് ജീവനക്കാര്‍. 2022 ലെ പുതിയ കണക്ക് പ്രകാരം 26000 ജീവനക്കാരും 5200 ബസുമുണ്ട്. അതിൽ തന്നെ ഷെഡ്യൂൾ ചെയ്യുന്നത് 3400 ബസ്സ് മാത്രം. ജീവനക്കാരുടെ അനുപാതം ബസ് ഒന്നിന്  7.64. ദേശീയ ശരാശരി 5.5 മാത്രമാണ്.    പ്രതിദിന വരുമാനം 5.5 കോടി. പ്രതിമാസം ശരാശരി വരുമാനം  165 കോടി. 80 കോടി ശമ്പളത്തിനും 80 കോടി ഡീസലിനും ചെലവ്. സ്പെയർ പാർട്സിനും ഇന്ഷൂറന്സിനും കേസ് നടത്തിപ്പിനും തിരിച്ചടവിനും അടക്കം ഓരോ മാസവും കോടികൾ കടം വാങ്ങേണ്ട അവസ്ഥയാണ്.  നിരന്തരമുള്ള സര്‍ക്കാര്‍ സഹായമില്ലെങ്കിൽ എന്നെ അടച്ചു പൂട്ടിയേനെ.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്  3200 കോടി സഹായത്തിനൊപ്പം കെഎസ്ആര്‍ടിസിക്ക് രക്ഷാ പാക്കേജും പ്രഖ്യാപിച്ചിരുന്നു. 2017 / 18 സാന്പത്തിക വര്‍ഷത്തോടെ കെഎസ്ആര്ടിസിയെ ലാഭത്തിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.  തോമസ് ഐസകിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം സുശീൽഖന്ന റിപ്പോര്‍ട്ടിയായിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്കലും, ഡ്യൂട്ടി പാറ്റേൺ പരിഷ്കാരവും,  രാത്രിയാത്രക്ക് അധിക ചര്‍ജ്ജും തിരക്കുള്ള റൂട്ടിൽ ഫ്ലെക്സി നിരക്കും അടക്കം ഒരു പിടി പരിഷ്കാരങ്ങളാണ് സുശീൽ ഖന്ന  മുന്നോട്ട് വച്ചിരുന്നത്.  മൂന്ന് മേഖലകളായി തിരിച്ച്  മൂന്നു മേഖലകളുടേയും പ്രവര്‍ത്തനം ഹെഡ് ഓഫീസില്‍ നിന്ന് ഏകോപിപ്പിക്കുക, ധനം ഹ്യൂമന്‍ റിസോഴ്‌സ് ഓപറേഷന്‍ വിഭാഗങ്ങളില്‍ പ്രഫഷനല്‍ യോഗ്യതയുള്ളവരെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കുക, പുതിയ റൂട്ടുകള്‍ക്ക് ബസ്സുകള്‍ വാടകക്കെടുത്ത് ഓടിക്കുക, ഓഡിറ്റ് സമയബന്ധിതമായി നടത്തുന്നതിന് ഹെഡ് ഓഫീസില്‍ തന്നെ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുക, യാത്രക്കാര്‍ക്ക് ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അറ്റകുറ്റപ്പണികള്‍ക്കായി ബസുകള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്ന പതിവ് അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു.  പക്ഷെ ഒന്നും നടപ്പായില്ല. യൂണിയനുകൾ തന്നെ എതിർത്തുവെന്ന് മാനേജ്‌മെന്റ് പറയുന്നു. മാനേജ്‌മെന്റ് പിടിപ്പുകേടെന്ന് യൂണിയനുകളും ആരോപിക്കുന്നു .

കടക്കെണി, കെടുകാര്യസ്ഥത , യൂണിയൻ അതിപ്രസരം, മാനേജ്‌മെന്റ് പിഴവുകൾ തുടങ്ങി കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്നങ്ങൾ പലതാണ്.  പൊതുഗതാഗതം എന്ന ഉത്തരവാദിത്തത്തിൽ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് നിൽക്കുമ്പോൾ   പരിഹാരമെന്തെന്ന് ചോദിച്ചാൽ ആര്‍ക്കും തീര്‍ത്തൊരു ഉത്തരവുമില്ല. ഇതിനിടയ്ക്ക് സ്വിഫ്റ്റ് ബസ്സുകളുടെ ലാഭക്കണക്കിനെ സര്‍ക്കാര്‍ അതിരു വിട്ട് പ്രോത്സാഹിപ്പിക്കുന്നതും യൂണിയൻ നേതൃത്വത്തിനിടയിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. മെല്ലെമെല്ലെ പൊതുമേഖലയിൽ നിന്ന് ഗതാഗത മേഖലയെ മാറ്റി സ്വാകാര്യ വത്കരണത്തിന് ശ്രമം നടക്കുകയാണെന്ന ആക്ഷേപം ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുമുണ്ട്.