കാസര്‍ഗോഡ് സ്വദേശിയായ യുവ മോഡല്‍ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നൽകിയ സ്വർണ്ണം മുഴുവൻ ഭർത്താവ് സജാദ് വിറ്റു. നൽകിയ പണവും ദൂർത്തടിച്ചുവെന്നും ഇവർ പറയുന്നു.

സജാദും ഷഹാനയും തമ്മിൽ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ഒന്നര വർഷം മുൻപാണ് സജാദും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.