ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ക്ക് ഗുണകരമല്ലെങ്കില്‍ അതില്‍ ഭേദഗതി വരുത്താമെന്നും സമരം നടത്തുന്ന കര്‍ഷകരോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്നും എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു.

ഡല്‍ഹിയില്‍ കാര്‍ഷിക നിയമത്തിനെതിരേ നടക്കുന്ന സമരത്തെ ചെറുക്കാനുള്ള ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കായി എല്ലാം ചെയ്യുന്നുണ്ട്. താങ്ങുവിലയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം അവസാനിക്കുമെന്നും പ്രധാനമന്ത്രി അക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അക്കാര്യം താന്‍ വീണ്ടും ഉറപ്പു നല്‍കുന്നതായും പറഞ്ഞു. കര്‍ഷകരുമായി ചര്‍ച്ച തുടരാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. അതിനാലാണ് സര്‍ക്കാര്‍ കര്‍ഷകരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ധര്‍ണകളില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരോടും ഈ സര്‍ക്കാരിന് ബഹുമാനമാണ്.

തങ്ങളും കര്‍ഷക കുടുംബത്തില്‍ ജനിച്ചവരാണ്. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലാത്ത സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ തന്നെ ഭേദഗതി വരുത്താന്‍ തയ്യാറണെന്നും പറഞ്ഞു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ ചെറുക്കാനുള്ള ബിജെപിയുടെ റാലി ദ്വാരകയില്‍ അവസാനിച്ചപ്പോഴായിരുന്നു രാജ്‌നാഥ് സിംഗ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.