തിരുവനന്തപുരം: തൃക്കാക്കര സൗഭാഗ്യം തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നെ ഇ പി ജയരാജന്‍ പറഞ്ഞു. സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയന്‍റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. പി ടി തോമസ് അബദ്ധമല്ല, അഭിമാനമെന്നായിരുന്നു ഉമാ തോമസിൻറെ മറുപടി.  പരാമ‍ർശത്തെ ന്യായീകരിച്ച സിപിഎം കോൺഗ്രസ് അനാവശ്യവിവാദമുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിടിയുടെ വിയോഗത്താൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പി ടി തോമസിന്‍റെ ഓർമ്മകൾ പരമാവധി നിലനിർത്തിയാണ് മണ്ഡലം നിലനിർത്താനുള്ള കോൺഗ്രസ് ശ്രമം. മുഖ്യമന്ത്രി പി ടിയെ അപമാനിച്ചുവെന്ന് വിമർശിച്ചാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. മരിച്ചിട്ടും പിടിയെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം മുഖ്യമന്ത്രിയുടെ പരാമർശം വ്യക്തിപരമായിരുന്നില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.