തിരുവനന്തപുരം: സോളാർ (Solar)  പീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ സിബിഐ (CBI) ചോദ്യം ചെയ്തു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിച്ചത്. 2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജൻസികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവിൽ അഞ്ച് അംഗ സിബിഐ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 2012 ഡിസംബർ 9ന് സോളാ‍ർ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ എംഎഎ ഹോസ്റ്റലിലെത്തിയപ്പോള്‍ ഹൈബി ഈഡൻ പീ‍ഡിപ്പിച്ചുവെന്നാണ് ഒരു പരാതി. നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ മഹസ്സർ തയ്യാറാക്കി. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു മൂന്നരമണിക്കൂർ നീണ്ട തെളിവെടുപ്പ്. ഇപ്പോള്‍ ഈ മുറി ഉപയോഗിക്കുന്ന മാത്യു കുഴനാടനെയും സിബിഐ സംഘം വിളിപ്പിച്ചിരുന്നു.

ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാ‍ർ, അബ്ദുള്ള കുട്ടി, അനിൽകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍. അടൂർ പ്രകാശുമായി  മൊഴിയിൽ ആലുപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയും സിപിഐ മഹസ്സർ തയ്യാറാക്കിയിരുന്നു.

ദില്ലിയിലെ കേരള ഹൗസ് ജീവനക്കാരുടെ മൊഴിയും സിബിഐ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. എല്ലാ കേസുകളിലും പരാതിക്കാരിയുടെ മൊഴി സിപിഐ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംസ്ഥാന സർക്കാറാണ് കേസ് സിബിഐക്ക് വിട്ടത്.