മലപ്പുറത്ത് (Malappuram) അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ വീഴ്ച വരുത്തിയോയെന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബാബു കെ ഐഎഎസിനാണ് ചുമതല. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. പോക്സോ കേസിൽ പ്രതിയായ മുൻ അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിലാണ്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച്ചക്ക് ശേഷമാണ് മുൻ നഗരസഭ കൗൺസിലർ കൂടിയായ അധ്യാപകൻ പിടിയിലാകുന്നത്.

മൂന്നുതവണ മലപ്പുറം നഗരസഭ കൗൺസിലർ ആയിരുന്ന കെ വി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക്‌ കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചെന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.