ചേര്‍ത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കിടെയുണ്ടായ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍  കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് വട്ടക്കര തുണ്ടിയില്‍ നിവര്‍ത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാൾ മുമ്പാണ് ഇവർക്ക് പരിക്കേറ്റത്.

കസേരകൊണ്ട് നെറ്റിക്കു മുറിവേറ്റ ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനു ശേഷം മൂന്നു തവണ ആശുപത്രിയിലെത്തിയിരുന്നെന്നും സ്‌കാനിങ് നടത്തിയപ്പോള്‍ തലക്കു കുഴപ്പമില്ലെന്നുള്ള വിവരമാണ് ആശുപത്രിയില്‍ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്. 11ന് ഉച്ചയോടെയാണ് അസ്വസ്ഥത തുടങ്ങിയത്. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ട്ടം നടത്തി മരണകാരണം അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു. മക്കള്‍: മനോജ്,മീര. മരുമകള്‍:അശ്വതി. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.