മെല്‍ബണ്‍: ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ അപമാനകരമായ പതനത്തില്‍ തളര്‍ന്ന ഇന്ത്യയ്ക്ക് ഇന്ന് പോരാട്ടത്തിന്റെ ദിനം. ബോക്സിങ് ഡേ ടെസ്റ്റില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തുടക്കം മുതലേ ബാറ്റിങ് തകര്‍ച്ചയാണ്. 15 ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് മൂന്നു മുന്‍നിര വിക്കറ്റുകളാണ് കംഗാരുപ്പടയ്ക്ക് നഷ്ടമായത്. ജോ ബേണ്‍സ് (0), മാത്യു വെയ്ഡ് (30), സ്റ്റീവ് സ്മിത്ത് (0) എന്നിവര്‍ കൂടാരം കയറി.
അഞ്ചാം ഓവറില്‍ ഓപ്പണര്‍ ജോ ബേണ്നെ പുറത്താക്കിയായിരുന്നു ഇന്ത്യയുടെ തുടക്കം. ജസ്പ്രീത് ബുംറയാണ് ബേണ്‍സനെ പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തു നിന്ന് ഉള്ളിലേക്ക് കയറിയ പന്തിനെ പ്രതിരോധിക്കാനുള്ള ബേണ്‍സിന്റെ ശ്രമം കീപ്പര്‍ ക്യാച്ചിലൂടെ പരാജയപ്പെട്ടു.
പ്രതീക്ഷയോടെ കളിച്ചുകൊണ്ടിരുന്ന മാത്യു വെയ്ഡിനെ പുറത്താക്കിയത് രവിചന്ദ്രന്‍ അശ്വിനാണ്. 13 ആം ഓവറിലെ അവസാന പന്തില്‍ ഒരിക്കല്‍ക്കൂടി അശ്വിനെ പറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു വെയ്ഡ്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റി അതിര്‍ത്തി കടത്താനടിച്ച പന്ത് ജഡേജയുടെ കൈയിലേക്കാണ് എത്തിയത്.
15 ആം ഓവര്‍ എറിയാനെത്തിയ അശ്വിന് തന്നെയാണ് സ്റ്റീവ് സ്മിത്തിനേയും കൂടാരം കയറ്റിയത്. ഓവറിലെ മൂന്നാം പന്തില്‍ അശ്വിന് ഓഫ് ബ്രേക്ക് പരീക്ഷിച്ചപ്പോള്‍ സ്റ്റീവ് സ്മിത്ത് പാടെ കുഴങ്ങി. സ്ക്വയറിന് പിന്നിലേക്ക് പന്തിനെ തെറിപ്പിക്കാനായിുന്നു സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ ബാറ്റില്‍ത്തട്ടിയ പന്ത് വായുവില്‍ കുതിക്കുകയും ലെഗ് സ്ലിപ്പില്‍ നിന്ന ചേതേശ്വര്‍ പൂജാര അവസരം കൈപ്പിടിയിലാക്കുകയും ചെയ്തു. ഈ സമയം ഓസ്ട്രേലിയയുടെ സ്കോര്‍ മൂന്നിന് 38.
ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന് (നായകന്, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.