പാലക്കാട്: വാളയാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. പാലക്കാട്-കോയമ്ബത്തൂര്‍ ദേശിയ പാതയില്‍ മലബാര്‍ സിമന്റ്സിന് മുന്‍വശത്ത് ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം, ആളപായമില്ല. ചിറ്റിലഞ്ചേരി,നെന്മേനി, പൂളക്കാട് സ്വദേശി കൃഷ്ണന്റെ നിസ്സാന്‍ ടെറാനോ കാറാണ് കത്തിയത്.
കാറിന്റെ ബോണറ്റില്‍ നിന്നും പുക വരുന്നതുകണ്ട കൃഷ്ണന് വണ്ടി നിര്‍ത്തി പുറത്തിറങ്ങവെയാണ് തീ പടര്‍ന്ന് പിടിച്ചത്. തുടര്‍ന്ന് വലിയ ശബ്ദത്തോടെ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും Car പൂര്‍ണമായും കത്തിയിരുന്നു. വണ്ടിയിലെ ഇലക്ട്രിക് വിഭാഗത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.വാളയാര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദേശിയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊട്ടിത്തെറി ശബ്ദം കേട്ട പ്രദേശവാസികളും സ്ഥലത്ത് എത്തിചേര്‍ന്നിരുന്നു. അതേസമയം കൃത്യസമയത്ത് ഡ്രൈവര്‍ പുറത്തിറങ്ങിയതാണ് അപകടത്തിന്റെ (Accident) തീവ്രത കുറക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 10 ഓളം വാഹനങ്ങളാണ് ഇത്തരത്തില്ജ ദേശിയ പാതയില്‍ ഓടുന്നതിനിടയില്‍ തീ കത്തി നശിക്കുന്നത്. വാഹനത്തിന്റെ വയറിംഗ്, ബാറ്ററി എന്നിവയിലുണ്ടാവുന്ന ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള അപകടത്തിന് വഴിയാക്കുന്നത്. കൃത്യമായ സമയത്തിനുള്ളില്‍ വാഹനം സര്‍വ്വീസ് ചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്ന് ഓട്ടോ മൊബൈല്‍ (Auto Mobile) രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടി.