ശബരിമല അയ്യപ്പന്‍റെ തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. ഉച്ചയ്ക്ക് 12.30 ന് ഘോഷയാത്ര പമ്ബയിലെത്തിയിരുന്നു. 3 വരെ പമ്ബാ ഗണപതി കോവിലില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് തങ്കയങ്കി അയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിച്ചത്. 6.30 നാണ് ദീപാരാധന.

ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ 5 മണി വരെ തീര്‍ഥാടകരെ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപ്തി കുറിച്ച്‌ നാളെ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും.

നാളെ പകല്‍ 11.40 നും 12.20 നും മധ്യേയാണ് തങ്കയങ്കി ചാര്‍ത്തി മണ്ഡലപൂജ. രാത്രി 9 ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നടയടക്കും. ശേഷം, മകരവിളക്കിനായി ഈ മാസം 30 -ന് വൈകീട്ട് 5 മണിക്ക് നട തുറക്കും.