തിരുവനന്തപുരം: കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിനടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കങ്ങള്‍ തുടങ്ങി. ഇതിനുവേണ്ടി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി കമ്മീഷന്‍ ചര്‍ച്ചനടത്തും. കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച്‌ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കേരളത്തില്‍ എത്തും.

എപ്രില്‍ അവസാനത്തിലും മെയ് ആദ്യവാരത്തിലും ഇടയില്‍ രണ്ട് ഘട്ടങ്ങളായി കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ നീക്കമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ ഏത് തീയതികളില്‍ വേണം എന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. 2016 മെയ് 25നാണു കേരളത്തില്‍ നിലവിലെ പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. അതിനാല്‍ മെയ് 25നകം തിരഞ്ഞെടുപ്പ് നടത്തണം. കേരളത്തില്‍ കോവിഡ് രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുമ്ബോള്‍ അത് സാധ്യമാകുമോ? എന്ന ആശങ്കയിലായിരുന്നു കമ്മീഷന്‍. എന്നാല്‍ ഇതോടെ മെയ് 25 ന് മുമ്ബ് കേരളത്തില്‍ വോട്ടെടുപ്പ് അടക്കമുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാവും എന്ന് ഉറപ്പായി.

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 5 ഇടങ്ങളിലും കോവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാമാര്‍ഗങ്ങളു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ്. കേരളത്തിനു പുറമെ തമിഴ്നാട്, ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്.