കൊച്ചി: ഏഴ് വര്‍ഷം നീണ്ട കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കും ശേഷം എസ് ശ്രീശാന്ത് നാളെ കേരള ടീമിനൊപ്പം ചേരും. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ശ്രീശാന്ത് കേരള ടീമിനൊപ്പം ചേരുന്നത്. നേരത്തെ കേരളം പ്രഖ്യാപിച്ച ടൂര്‍ണമെന്റിനായുള്ള സാധ്യതാ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്തായാലും ടൂര്‍ണമെന്റില്‍ ശ്രീശാന്ത് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളിച്ച്‌ തിരിച്ചുവരവ് നടത്താനാണ് ശ്രീശാന്ത് പദ്ധതി ഇട്ടിരുന്നതെങ്കിലും ടി20 ടൂര്‍ണമെന്റാണ് ഇത്തവണ ആദ്യം നടത്തുന്നത്. കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റ് കൂടിയാണിത്.

പ്രായം 37 പിന്നിട്ടതും നീണ്ട ഇടവേളയും ശ്രീശാന്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കാന്‍ ശ്രീക്ക് സാധിച്ചിരുന്നു. കൂടാതെ പരിശീലനവും ശക്തമായി തുടരുന്നതിനാല്‍ കളിക്കാനുള്ള കായിക ക്ഷമത ശ്രീശാന്തിനുണ്ട്. 2013ലെ ഐപിഎല്ലില്‍ ഒത്തുകളി വിവാദത്തില്‍ പെട്ടതോടെയാണ് ശ്രീശാന്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടായത്. ഇന്ത്യയുടെ സ്റ്റാര്‍ ബൗളറായി തിളങ്ങുന്ന കാലത്തായിരുന്നു ഇത്തരമൊരു തിരിച്ചടി നേരിട്ടത്.

കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ച ശേഷവും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരേ ശക്തമായ നിയമ പോരാട്ടം നയിച്ച ശേഷമാണ് അനുകൂല വിധി ശ്രീശാന്ത് നേടിയെടുത്തത്. ഇതിനോടകം നെറ്റ്‌സില്‍ കഠിന പരിശീലനമാണ് ശ്രീശാന്ത് നടത്തുന്നത്. ഇത്തവണത്തെ ആഭ്യന്തര മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യക്കുവേണ്ടി വീണ്ടും കളിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീശാന്ത് കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 41 വയസുവരെ കളിച്ചിരുന്നു. നിലവില്‍ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചതിനാല്‍ അഞ്ച് വര്‍ഷം കൂടിയെങ്കിലും ക്രിക്കറ്റില്‍ സജീവമായി തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ശ്രീശാന്ത് പറഞ്ഞത്. അതിനിടെ പുതിയ ഐപിഎല്‍ ടീമുകള്‍ 2022ലെ ഐപിഎല്‍ സീസണിലൂടെ എത്തുന്നുണ്ട്. ഇതിലൊരു ടീം ശ്രീശാന്തിനെ വീണ്ടും ഐപിഎല്‍ കളിപ്പിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്തായാലും കേരളത്തെ സംബന്ധിച്ച്‌ വലിയ ഊര്‍ജം നല്‍കുന്ന സാന്നിധ്യമാണ് ശ്രീശാന്തിന്റേത്. റോബിന്‍ ഉത്തപ്പ,ജലജ് സക്‌സേന,സഞ്ജു സാംസണ്‍ തുടങ്ങിയവും കേരള ടീമിന്റെ ഭാഗമായുണ്ട്.

27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് 7 വിക്കറ്റും 73 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 211 വിക്കറ്റും 86 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 111 വിക്കറ്റും 60 ടി20കളില്‍ നിന്ന് 50 വിക്കറ്റും ശ്രീശാന്തിന്റെ പേരിലുണ്ട്.