ലോസാഞ്ചല്‍സ് : രണ്ടു കൊറോണ വൈറസ് രോഗികള്‍ താമസിച്ചിരുന്ന ആശുപത്രി മുറിയില്‍ വച്ച്‌ 82 കാരനായ രോഗിയെ 37 കാരന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ്‌വാലി ഹോസ്പിറ്റലിലായിരുന്നു സംഭവം 82 വയസ്സുള്ള രോഗി മുറിക്കകത്തു പ്രാര്‍ഥിക്കുന്നത് ജെസ്സി മാര്‍ട്ടിനസ്സിന് ഇഷ്ടപ്പെട്ടില്ല. പ്രകോപിതനായ ജെസ്സി ഓക്സിജന്‍ സിലണ്ടര്‍ കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്ന വൃദ്ധന്‍ പിന്നീട് മരിച്ചു. സംഭവത്തില്‍ പ്രതി ജെസ്സിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കോവിഡ് ചികിത്സയിലാണ്. ജെസ്സിക്കെതിരെ ഹേയ്റ്റ് ക്രൈം, എല്‍ഡര്‍ അമ്ബ്യൂസ് എന്നീ വകുപ്പുകള്‍ ചാര്‍ജ്ജ് ചെയ്ത് കേസ്സെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഡിസംബര്‍ 28ന് ജെസ്സിയെ കോടതിയില്‍ ഹാജരാക്കുമെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു. മരിച്ച വൃദ്ധനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.