അമരാവതി : ഡല്‍ഹിയിലെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും പുറത്തുചാടിയ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ ആഗ്ലോ-ഇന്ത്യന്‍ യുവതിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ സെന്ററില്‍ നിന്നും പുറത്തുചാടി ആന്ധ്രയിലെത്തിയ യുവതിയെ പോലീസ് പിടികൂടി.

ഡിസംബര്‍ 21 നാണ് യുവതി യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. ബ്രട്ടണില്‍ കൊറോണയുടെ പുതിയ വകഭേദം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. യുകെയില്‍ നിന്നെത്തുന്ന ആളുകള്‍ കൊറോണ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം ഐസൊലേഷന്‍ സെന്ററില്‍ നിന്നും യുവതി ചാടിപ്പോകുകയായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ ട്രെയിനില്‍ കയറി ആന്ധ്ര പ്രദേശിലെത്തി. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നതോടെ ഡല്‍ഹി പോലീസ് ആന്ധ്ര പോലീസുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.

ആന്ധ്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജമന്ദ്രിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് യുവതിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്ക്കായി യുവതിയുടെ സാമ്ബിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചുകൊടുത്തിരിക്കുകയാണ്.