ഗുരുവായൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ജില്ല ഭരണകൂടം.
ആദ്യഘട്ടത്തില്‍ ഒരുദിവസം 2000 പേരെ മാത്രമേ വെര്‍ച്വല്‍ ക്യൂ വഴി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കൂ. ദര്‍ശനത്തിന് വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരുദിവസം നടത്താവുന്ന പരമാവധി വിവാഹങ്ങളുടെ എണ്ണം 25 ആക്കി.
ഒരു വിവാഹത്തിന് വധൂവരന്മാര് ഉള്‍പ്പെടെ 12 പേര് മാത്രമേ പാടുള്ളൂ. ഇവരും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലുമുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തുന്നു എന്നത് ദേവസ്വവും ആരോഗ്യ വിഭാഗവും ഉറപ്പുവരുത്തും. ക്ഷേത്രപരിസരത്ത് കച്ചവടം നടത്താനും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണന്ന് നിര്‍ദേശമുണ്ട്.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം രണ്ടാഴ്ച അടച്ചിരുന്നു. ബുധനാഴ്ചയാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നത്. എന്നാല്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടമുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ല ഭരണകൂടം ഇടപെട്ടത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ഷേത്രം തുറക്കേണ്ടതുള്ളൂവെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഫോട്ടോയെടുപ്പിന് വിലക്ക്
ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തില്‍ താലികെട്ട് കഴിഞ്ഞാല്‍ ക്ഷേത്രപരിസരത്ത് വധൂവരന്മാരും മറ്റുള്ളവരും നിന്നുള്ള ഫോട്ടോയെടുപ്പ് അനുവദിക്കില്ലെന്ന് ദേവസ്വം. തിരക്ക് ഒഴിവാക്കാനാണിത്. ബുധനാഴ്ച ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും തിരക്ക് കുറവാണ്. ബുധനാഴ്ചയിലേക്ക് 33 വിവാഹങ്ങള്‍ക്ക് ശീട്ടാക്കിയിരുന്നെങ്കിലും ആറെണ്ണമാണ് നടന്നത്. വെര്‍ച്വല്‍ ക്യൂ വഴി 1500 പേര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും 500 ല്‍ താഴെ പേര് മാത്രമാണ് എത്തിയത്. വഴിപാട് കൗണ്ടറുകള്‍ക്ക് മുന്നിലും വരിയുണ്ടായില്ല. തുലാഭാരവും കുറഞ്ഞു.