രാജ്യത്ത് കൽക്കരി ക്ഷാമം (Coal shortage) ഊർജ്ജ മേഖലയ്ക്ക് പ്രതിസന്ധിയാകുന്നു. ഒമ്പത് സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്. രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കം ഒൻപത് സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. രാജസ്ഥാനിൽ ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.  വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു. താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.

ഒരാഴ്ച്ചക്കിടെ 623 മില്യണ്‍ യൂണിറ്റ് വൈദ്യുതി കുറവുണ്ടെന്നാണ് കണക്ക്. ജാർഖണ്ഡിൽ മാത്രം ആകെ വേണ്ടതിന്‍റെ 17 ശതമാനം വൈദ്യുതി ക്ഷാമമാണ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തത്. ജമ്മു കശ്മീരിൽ 16 മണിക്കൂർ വരെ പവർകട്ട് പലയിടങ്ങളിലുമുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ജാർഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളും കൽക്കരി കമ്പനികൾക്ക് പണം നൽകുന്നതിലെ കാലാതാമസമാണ് വിതരണം കുറഞ്ഞതിലെ കാരണമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ഉന്നത വൃത്തങ്ങൾ വിശദീരിക്കുന്നു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്‍റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു.