കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഈ നടപടി. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം.ശിവശങ്കറെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടുകയുണ്ടായി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നതിന് തെളിവ് ലഭിച്ചതായി ഇഡി അറിയിച്ചു.

ശിവശങ്കര്‍ അനധികൃതമായി 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്ബാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതേസമയം, കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ നിയമയുദ്ധം ആരംഭിച്ചു. സന്ദര്‍ശകരെ അനുവദിക്കുമ്ബോള്‍ കസ്റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന് ജയില്‍ മേധാവി സര്‍ക്കുലര്‍ ഇറക്കി. സ്വപ്ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ജയിലിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ മടക്കി അയച്ചു. ജയില്‍ വകുപ്പിന്റെ നടപടി അന്വേഷണം അട്ടിമറിക്കാനെന്ന് കസ്റ്റംസ് ആരോപിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്
കസ്റ്റംസ്.