ലണ്ടന്‍: വീര്യം കൂടിയ കൊറോണ വെെറസിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ കൂടുതല്‍ പേരില്‍ കണ്ടെത്തി. ലണ്ടനിലും വടക്കു പടിഞ്ഞാറന്‍ മേഖലയിലുമായാണ് പുതിയ വകഭേദത്തിലുള്ള വെെറസ് ബാധിതരെ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയ രണ്ടുപേരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. സമീപ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരോട് ക്വാറന്റെെനില്‍ പോകാന്‍ നിര്‍ദേശം നല്കി.
വകഭേദം വന്ന വെെറസിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോഴത്തെ കോവിഡ്-19 നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുണ്ടെന്നാണ് പഠനം. കേരളത്തിലും ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. വിമാനത്താവളത്തോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് വിമാനത്താവളങ്ങളില്‍ കിയോസ്കുകള്‍ ആരംഭിക്കും.
യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. 14 ദിവസത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കാനും തീരുമാനിച്ചു.
അതേസമയം, യുകെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു . “യുകെയിലെ കണ്ടെത്തിയ കോവിഡ് -19 ന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. ഈ ജനിതകമാറ്റം രോഗത്തിന്റെ തീവ്രതയെ ബാധിക്കുന്നില്ല, “അദ്ദേഹം പറഞ്ഞു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വകഭേദത്തെ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനുകളുടെ സാധ്യതയെ പുതിയ ജനിതകമാറ്റം വന്ന വൈറസ് ബാധിക്കില്ലെന്നും ഡോ. വി.കെ പോള്‍ പറഞ്ഞു. “ഇപ്പോള്‍, നടത്തിയ ചര്‍ച്ചകള്‍, ലഭ്യമായ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പക്ഷേ, കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്,” പോള്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നും എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. പരിശോധനയില്‍ കോവിഡ് പോസിറ്റിവായാല്‍ പ്രത്യേക ഐസൊലേഷനും സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെെനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഡിസംബര്‍ 23 മുതല്‍ 31 വരെ യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്തെത്തുന്നവര്‍ ചുവടെകൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.