മിലാന്‍: സീരീ എയില്‍ നിലവിലെ ചാമ്ബ്യന്മാരായ യുവന്റസിന്റെ അപരാജിത കുതിപ്പിന് വിരാമം. പത്ത് പേരായി ചുരുങ്ങിയ യുവന്റസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഫിയോറെന്റീന കീഴടക്കി. ഈ സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിച്ച യുവെയുടെ ആദ്യ തോല്‍വിയാണിത്. ഡുസാന്‍ , കാസേഴ്‌സ് എന്നിവരാണ് ഫിയോറെന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. മൂന്നാം ഗോള്‍ യുവന്റസിന്റെ സംഭാവനയായിരുന്നു. യുവെ താരം അലക്‌സ് സാന്‍ഡ്രോയാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുവെയുടെ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോ പന്ത് ഹെഡ് ചെയ്ത് വലയിലാക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. റഫറി ഓഫ് സൈഡ് വിളിച്ചു. ഈ തോല്‍വിയോടെ യുവന്റസ് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിമൂന്ന് മത്സരങ്ങളില്‍ 24 പോയിന്റാണുള്ളത്. മിലാന്‍ പതിമൂന്ന് മത്സരങ്ങളില്‍ 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മറ്റൊരു മത്സരത്തില്‍ ക്രൊടോണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാര്‍മയെ പരാജയപ്പെടുത്തി.