ന്യൂഡല്‍ഹി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. ഡിസംബര്‍ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്യും.

കിസാന്‍ സമ്മാന്‍നിധിയുടെ അടുത്ത ഗഡു വിതരണത്തില്‍ 9 കോടി കര്‍ഷക കുടുംബങ്ങളാണ് ഗുണഭോക്താക്കളാകുക. 18,000 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ പിഎം കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിക്കും.

കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു വിതരണം ചെയ്യുന്നത്. ഭാവിയില്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തിലും കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹരാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച ബാങ്കുകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു