രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം കോവിഡ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. സിനിമാ സംഘത്തിലെ എട്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് നടപടി. അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ മാറിയിരിക്കുകയാണ്.

ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. നയന്‍താരയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.
എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രജനികാന്ത്, നയന്‍താര അടക്കമുള്ളവര്‍ക്കും കോവിഡ് പരിശോധന നടത്തും. രണ്ടാഴ്ച്ച സംഘത്തിലെ എല്ലാവരും ക്വാറന്റീനിലേക്ക് മാറുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നിലവില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള രജനികാന്ത് ചെന്നൈയിലേക്ക് തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല.

നയന്‍താരയ്ക്കും കീര്‍ത്തി സുരേഷിനും പുറമേ മീന, ഖുഷ്ബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എല്ലാവരും ഹൈദരാബാദിലാണ്. ഡിസംബര്‍ 12 ന് എഴുപതാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് രജനികാന്ത് അണ്ണാത്തെയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയത്.

2021 ജനുവരിയിലാണ് നേരത്തേ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും രജനികാന്തിന്റെ ആവശ്യപ്രകാരമായിരുന്നു ഈ വര്‍ഷം തന്നെ ആരംഭിച്ചത്. പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.