തിരുവനന്തപുരം: മലയാള സാഹിത്യത്തിനും പ്രകൃതി സംരക്ഷണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ പ്രമുഖ കവയിത്രിയും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി (86)അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു മരണം. രാവിലെ 10.55 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയില്‍ തന്നെ ഹൃദയാഘാതമുണ്ടായി. സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരം നടക്കുക.

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു. കോവിഡ് ബാധിതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയായിരുന്നു. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെ മകളായി 1934 ജനുവരി 22 പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് ജനിച്ചത്. മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഹൃദയകുമാരി സഹോദരിയാണ്.

കേരളത്തിലെ പരിസ്ഥിതിപോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കാണ് വഹിച്ചത്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഭയഗ്രാമം, അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ വലുതാണ്. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു.

സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009ല്‍ അര്‍ഹയായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പാതിരാപ്പൂക്കള്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് എന്നിവ നേടിയ രാത്രിമഴ, ആശാന്‍ പുരസ്ക്കാരവും വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ പുരസ്‌കാരവും നേടിയ അമ്ബലമണി , മുത്തുച്ചിപ്പി, പാവം മാനവഹൃദയം , പ്രണാമം, ഇരുള്‍ ചിറകുകള്‍, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, മേഘം വന്നു തൊട്ടപ്പോള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, സൈലന്റ് വാലി , വായാടിക്കിളി, കാടിനു കാവല്‍ എന്നിവയാണ് പ്രധാന കൃതികള്‍.