ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോള്‍ സംസ്കൃത ഭാഷയെയും , അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവരെന്ന് വി മുരളീധരന്‍ പറഞ്ഞു. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റവര്‍ ബിജെപി അംഗങ്ങള്‍ ആയതു കൊണ്ടാണ് ഇത്രയും കോലാഹലങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്കൃതത്തില്‍ സത്യപ്രതിജ്‌ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ താന്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്‍റെ ഫേസ്ബുക് പോസ്റ്റ്:

ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോള്‍ സംസ്കൃത ഭാഷയെയും , അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവര്‍ .സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റവര്‍ ബിജെപി അംഗങ്ങള്‍ ആയതു കൊണ്ടാണ് നവമാധ്യമ സിംഹങ്ങളുടെ പരിഹാസക്കരച്ചില്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്കൃതത്തില്‍ സത്യപ്രതിജ്‌ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ ഞാന്‍ അഭിനന്ദിക്കുകയാണ്.
നമ്മുടെ ഭാരതീയ സംസ്കാരത്തിനൊപ്പം നിന്നതിനാണ് പോരാളി ഷാജിമാര്‍ നിങ്ങളെ വേട്ടയാടുന്നതെങ്കില്‍ അഭിമാനിക്കുകയാണ് വേണ്ടത്. കാരണം, കേരള നിയമസഭയില്‍ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്നേഹം ഇപ്പോള്‍ ഉയര്‍ന്നത് , സംസ്കൃതം പറഞ്ഞവര്‍ ബിജെപിക്കാരായത് കൊണ്ടു മാത്രമാണ്.
ഇത് കുറച്ചു കൂടി വ്യക്തമാക്കാന്‍ കഴിഞ്ഞ മാസം നടന്ന ഒരു കാര്യം ഉദാഹരണമായി സൂചിപ്പിക്കട്ടെ. ന്യൂസിലന്‍ഡില്‍ ലേബര്‍ പാര്‍ട്ടി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമാചല്‍ പ്രദേശ് സ്വദേശി ഗൗരവ് ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്യാന്‍ തെരഞ്ഞെടുത്തത് അദേഹത്തിന്റെ മാതൃഭാഷയായ പഹാരിയോ പഞ്ചാബിയോ ഹിന്ദിയോ ആയിരുന്നില്ല. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സ്മരണ നല്‍കുന്ന സംസ്കൃതത്തിലായിരുന്നു തന്റെ സത്യപ്രതിജ്ഞ എന്ന് അദ്ദേഹം അഭിമാനത്തോടെ ട്വീറ്റ് ചെയ്തു. അതിന് ലൈക്കടിച്ച നവമാധ്യമ പോരാളികളും വാര്‍ത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇപ്പോള്‍ അതേ സംസ്കൃതം മലയാളനാട്ടില്‍ ഉപയോഗിച്ചതിന് നാടുനീളെ പരിഹസിക്കുന്നു , ട്രോളിറക്കുന്നു. ഇതിലെ യുക്തിയെന്താണ്?
മലയാളത്തില്‍ എഴുതി സംസ്കൃതം വായിച്ചു എന്നതാണ് മറ്റൊരു കുറ്റമായി ചാര്‍ത്തപ്പെടുന്നത്. ഔദ്യോഗിക ഭാഷകളിലൊന്നായ സംസ്കൃതം പറയുന്നവരെ വിലക്കാനും പരിഹസിക്കാനും എന്ത് യോഗ്യതയാണുള്ളതെന്ന് അവരവര്‍ തന്നെ ചിന്തിക്കൂ. മുഖ്യധാരാ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരായി അറിയപ്പെടുന്നവര്‍, അവരുടെ ബി ജെ പി വിരോധം തീര്‍ക്കാന്‍, സംസ്കൃതത്തെ അപഹസിച്ചെഴുതിയ പല നിലവാരമില്ലാത്ത പോസ്റ്റുകളും ഫേസ്ബുക്കില്‍ കണ്ടിരുന്നു. അതൊക്കെ ആ സ്ഥാപനങ്ങള്‍ നേരോടെ മുന്നോട്ടുവയ്ക്കുന്ന നിലപാടാണോ എന്നറിഞ്ഞാല്‍ കൊള്ളാം.
സംസ്കൃതം കേള്‍ക്കുന്നതില്‍ അസഹിഷ്ണുതയുള്ളവരോട് ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ …
वदतु संस्कृतम् । जयतु भारतम्
ഭാരതീയഭാഷകള്‍ സംസ്കൃതപദങ്ങളാല്‍ സമ്ബന്നമാണെന്ന് അറിയാത്തവരല്ല ഈ വിമര്‍ശകര്‍. വിപ്ലവം തലയ്ക്ക് പിടിച്ചതിന്റെ ചെറിയ ഒരു പ്രശ്നമാണ്. ഭാരതീയ സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടര്‍ച്ചയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് സംസ്കൃതത്തെയും , സത്യപ്രതിജ്ഞയ്ക്ക് അത് ഉപയോഗിച്ചവരെയും ,പരിഹസിച്ച്‌ ഇല്ലാതാക്കാന്‍ അടുപ്പില്‍ കയറ്റിയ വെള്ളമങ്ങ് വാങ്ങുന്നതാണ് നല്ലത്!