ഗുരുവായൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇന്ന് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന 1500 പേര്‍ക്ക് ഇന്നു മുതല്‍ ചുറ്റമ്ബലത്തിലെത്തി ദര്‍ശനം നടത്താം.

എന്നാല്‍ നാലമ്ബലത്തിലേക്ക് പ്രവേശനമില്ല. ചോറൂണ് ഒഴികെയുള്ള മറ്റു വഴിപാടുകള്‍ നടത്താം. ചെറിയ കുട്ടികളേയും 65 വയസ്സിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കില്ല. വ്യാപാരികള്‍ക്ക് കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമെ കടകള്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാര്‍ക്കു കൊവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 12 മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്ബലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 4 ദിവസത്തിനു ശേഷം വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു.