തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ള് ഷാപ്പുകളും വീണ്ടും തുറന്നു. കോവിഡ് വ്യാപനെത്തുടര്‍ന്ന് ഒന്‍പത് മാസം പൂട്ടിയിട്ട സംസ്ഥാനത്തെ ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണം പ്രവര്‍ത്തനമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബാറുകള്‍ക്കൊപ്പം കള്ളുഷാപ്പുകള്‍ക്കും ഇന്നു മുതല്‍ തുറക്കാം.

ആവശ്യക്കാര്‍ക്ക് ഇനി മുതല്‍ ബാറിലിരുന്നും ലഹരി നുണയാം. ഇതുവരെ പാഴ്സല്‍ വില്‍പ്പനയ്ക്ക് മാത്രമായിരുന്നു ബാറുകള്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. മാസ്കിനും ഗ്ലൗസിനും പുറമേ ഫെയ്സ് ഷീല്‍ഡും മിക്ക ബാറുകളിലെ ജീവനക്കാര്‍ക്കുമുണ്ട്.

ക്ലബുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ബാര്‍, കള്ളുഷാപ്പുകള്‍ എന്നിവയും തുറക്കാന്‍ അനുമതിയുണ്ട്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മാത്രമായിരിക്കും ഇനിമുതല്‍ പാഴ്‌സല്‍ വില്‍പന. ബിവറേജസ് ഔട്ട്ലെറ്റുകള്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും.