തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചര്‍ അതീവ ഗുരുതരാവസ്ഥയില്‍. ഇതേ തുടര്‍ന്ന് ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.