കൊച്ചി: സിനിമയില്‍ ചെറിയ വേഷമിടുന്നു. ശേഷം വിദേശത്ത് ജോലിക്ക് പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പരസ്യങ്ങളില്‍ അഭിനനയിക്കുന്നു. വൈകാതെ സിനിമകളില്‍ ഒന്നിന് പിറകെ ഒന്നായി അവസരം ലഭിക്കുന്നു. ഷാജി എന്‍ കരുണിന്റെ ഓള്, ദുര്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വൂള്‍ഫ്, മൈഡിയര്‍ മച്ചാന്‍ എന്നി സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്നു. ഇതാണ് നടി എന്ന നിലയില്‍ മായാ മേനോന്‍.

എന്നാല്‍ ഏത് വിഷയത്തിലും കൃത്യമായ നിലപാടുള്ള വ്യക്തി കൂടിയാണ് അവര്‍. ഇടയ്ക്ക് ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും. അതു കണ്ട് ചിലര്‍ക്ക് സംശയം, സംഘിയാണോ എന്ന്… തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയാണ് മായാ മേനോന്‍.

എന്തുകൊണ്ടാണ് തന്നെ സംഘിയെന്ന് വിളിക്കുന്നത് എന്ന് അറിയില്ലെന്ന് മായാ മേനോന്‍ പറയുന്നു. ജീവിതത്തില്‍ രാഷ്ട്രീയമില്ല. സിനിമാ സെറ്റിലും രാഷ്ട്രീയം പറയാറില്ല. അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതോടെ പലരുടെയും മുഖം കറുക്കും. നടി അഭിപ്രായം പറയുന്നത് പലര്‍ക്കും ഇഷ്ടമാകുന്നില്ലെന്ന് മായ മേനോന്‍ പറയുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ കാണുമ്ബോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. അവര്‍ കാണിക്കുന്നത് അവരുടെ സംസ്‌കാരം. എനിക്ക് ശരി എന്ന് തോന്നുന്നതാണ് പറയുന്നത്. ശ്രീകൃഷ്ണന്റെ പടം ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നത് എന്റെ ഭക്തിയുടെ ഭാഗമാണ്. അത് എന്റെ മതമോ രാഷ്ട്രീയമോ അല്ല. ഭക്തിയില്ലാതെ എങ്ങനെയാണ് ജീവിക്കുക എന്നും മായാ മേനോന്‍ ചോദിക്കുന്നു.