ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കാനാകില്ലെന്ന് പൊലീസ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. മഹേശന്്റെ ഭാര്യ ഉഷാ ദേവി നല്കിയ ഹര്‍ജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങള്‍ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേര്‍ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാറിനെയും വെള്ളാപ്പള്ളിയുടെ സഹായി അശോകനെയും കൂട്ടുപ്രതികളാക്കണമെന്നും കോടതി ഉത്തരവ്. മഹേശന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ആത്മഹത്യാപ്രേരണക്കേസില്‍ വെള്ളാപ്പള്ളി നടേശനെയും അദ്ദേഹത്തിന്റെ മാനേജര്‍ കെ.എല്‍.അശോകനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേരുണ്ട്.