ന്യൂഡല്‍ഹി : യു.കെയില്‍ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ നീതി ആയോഗ് അംഗവും സര്‍ക്കാരിന്റെ വൈറസ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ ഭാഗവുമായ ഡോ. വി.കെ. പോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരും പരിഭ്രാന്തരാകേണ്ട. എന്നാല്‍ നാം ജാഗ്രത പാലിക്കണം. യു.കെയില്‍ കണ്ടെത്തിയ വൈറസിന്റെ ജനികമാറ്റം സംഭവിച്ച വകഭേദം ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ‘ ഡോ. വി.കെ. പോള്‍ പറഞ്ഞു.

ജനിതകമാറ്റം വന്ന വൈറസിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗത്തിന്റെ തീവ്രതയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ നമ്മുടെ രാജ്യത്തും മറ്റും രാജ്യങ്ങളിലും വികസിപ്പിച്ച്‌ കൊണ്ടിരിക്കുന്ന വാക്സിനുകളുടെ പുരോഗതിയേയും ഇത് ഇതുവരെ ബാധിച്ചിട്ടില്ല. ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.