ബെംഗളൂരു: കര്‍ണാടക ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 43,238 സീറ്റുകളിലേക്ക് 1.17 ലക്ഷം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവി‍ഡ് പോസിറ്റീവായവര്‍ക്ക് അവസാന മണിക്കൂറില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അനുവദിക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ്.

ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. പ്രതിപക്ഷമായ ജെഡിഎസും ബിജെപിയും അടുത്ത കാലത്തായി അടുക്കുന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൂട്ടായി നീക്കിയപ്പോള്‍ ഇത് ദൃശ്യമായിരുന്നു.

വോട്ടെടുപ്പ് തടസം കൂടാതെ നടക്കുന്നതിന് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി കമ്മീഷന്‍ അറിയിച്ചു. മാസ്ക് ധരിക്കുന്നതും വോട്ടിങ് കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമായും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

എല്ലാ ബൂത്തുകളിലും സാനിറ്റൈസറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 27ന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 30നാണ്.