കോട്ടയം: മദ്യ ലഹരിയില്‍ കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായത് കഴിഞ്ഞ ദിവസമാണ്. വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതോടെ കുട്ടികളേയും ഭാര്യയേയും ഉപദ്രവിക്കുന്ന ആളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് കേരള പോലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് അറിയിപ്പുമായി എത്തിയത്.

മദ്യ ലഹരിയില്‍ പിതാവ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ഫോണ്‍ കാണാതായെന്നും കുട്ടികള്‍ അത് എടുത്തുവെന്നും ആരോപിച്ചായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഭാര്യയ്ക്കും മകള്‍ക്കും ഇളയ ആണ്‍കുട്ടിക്കുമാണ് മര്‍ദ്ദനമേല്‍ക്കുന്നത്. കുഞ്ഞുങ്ങളെ കാല്‍മുട്ട് മടക്കി അടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

തങ്ങള്‍ എടുത്തിട്ടില്ലെന്ന് കുട്ടികള്‍ കരഞ്ഞുകൊണ്ട് ആവര്‍ത്തിച്ച്‌ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അമ്മയെ തല്ലരുതേ എന്ന് കുട്ടികള്‍ കരഞ്ഞു പറയുന്നുമുണ്ട്. രാത്രിയാണ് മര്‍ദ്ദനം. ആരോ രഹസ്യമായി പകര്‍ത്തിയ ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായത്. ഇതോടെയാണ് കേരളപോലീസും ആളെത്തിരഞ്ഞ് രംഗത്തെത്തിയത്.