ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണറും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ രാജ്യസഭാംഗവുമായിരുന്ന മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്‌ച ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വൈകുന്നേരത്തോടെ അന്തരിച്ചു.

ഒക്ടോ‌ബര്‍ മാസത്തില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്ന അദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു. ഡിസംബര്‍ 19ന് ശ്വാസതടസം അനുഭവപ്പെട്ട വോറയെ 20ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന വോറ ഈയിടെയാണ് തല്‍സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മരണമടയുന്ന കോണ്‍ഗ്രസിലെ മൂന്നാമത് മുതിര്‍ന്ന നേതാവാണ് മോത്തിലാല്‍ വോറ.തരുണ്‍ ഗൊഗോയും അഹമ്മദ് പട്ടേലുമാണ് മ‌റ്റ് രണ്ടുപേര്‍. നിരവധി വര്‍ഷം കോണ്‍ഗ്രസ് ട്രഷററായും വോറ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാദ്ധ്യമപ്രവര്‍‌ത്തകനായി പ്രവര്‍ത്തിച്ചുവന്ന വോറ 1968മുതല്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. 1977ലും 1980ലും മദ്ധ്യപ്രദേശ് നിയമസഭാംഗമായി.1985 മുതല്‍ 1988 വരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായി. 1988ല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജിവച്ചു. പിന്നീട് 1993 മുതല്‍ 1996 വരെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി. മോത്തിലാല്‍ വോറയുടെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി അനുശോചനം രേഖപ്പെടുത്തി.