കൊട്ടാരക്കര കെഎസ്ആര്‍ടിസി (KSRTC) ബസ് സ്റ്റാന്‍റിന് സമീപം പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ എക്സൈസ് കമ്മീഷണറുടെ ഉത്തരവ്. മദ്യശാല മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണറുടെ നടപടി. യാത്രകാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മദ്യവില്‍പനശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിനും സ്വകാര്യ ബസ് സ്റ്റാന്‍റിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്കോയുടെ മദ്യവില്‍പനശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് 2020 ലാണ് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മദ്യവില്‍പനശാലയുടെ പ്രവര്‍ത്തനം യാത്രകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്ന് കാണിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും മദ്യവില്‍പനശാല മാറ്റാന്‍ ബെവ്കോ തയ്യാറിയില്ല തുടര്‍ന്ന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഇതോടെയാണ് കോടതി നിര്‍ദ്ദേശപ്രകാരം എക്സൈസ് കമ്മീഷണര്‍ ഇടപെട്ടത്. മദ്യവില്‍പനശാല മാറ്റാന്‍ കമ്മീഷണര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു. മദ്യവില്‍പനശാല മാറ്റുന്നതിന് വേണ്ടി ഏറെ നാള്‍ നീണ്ടു നിന്ന സമരം നാട്ടുകരും മദ്യവിരുദ്ധസമിതിയും നടത്തിയിരുന്നു.

സ്വകര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മദ്യശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് കെട്ടിടത്തിന്‍റെ വാടക. മദ്യവാങ്ങാന്‍ എത്തുന്നവര്‍ യാത്രകാര്‍ക്കും സമീപവാസികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് കാണിച്ച് കൊട്ടരക്കര നഗരസഭയെയും സമരസമിതി പ്രവർത്തകര്‍ സമീപിച്ചിരുന്നു. നഗരസഭയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. മദ്യവില്‍പനശാല മാറ്റുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഉചിതമായ സ്ഥലം കിട്ടുന്നതോടെ മാറ്റാനാണ് തീരുമാനം.

കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസം; വനിതാ യാത്രക്കാർക്ക് നേരെ അസഭ്യവർഷം

കെഎസ്ആർടിസി ബസിന് മുന്നില്‍ ബൈക്കുകളുടെ സാഹസിക പ്രകടനം. തൊട്ടിൽപാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്‍റെ മുന്നിലായിരുന്നു അപകടകരമായ രീതിയിൽ മൂന്ന് ബൈക്കുകളുടെ സാഹസിക പ്രകടനം. പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ ഇവർ ബസ്സിന് മുന്നിലൂടെ ബൈക്ക് ഓടിച്ചു. ഇന്നലെ രാത്രി ഒരു മണിക്കായിരുന്നു സംഭവം. അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വന്‍ ദുരന്തം സംഭവിക്കേണ്ടതായിരുന്നു എന്ന് ഡ്രൈവറും യാത്രക്കാരും പറഞ്ഞു.

ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. വൻ ദുരന്തം ഒഴിവായെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. ബസിലെ സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി. മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്ക് യാത്രികർ കല്ലുകൊണ്ട് ബസ്സിന്‍റെ സൈഡില്‍ ഇടിച്ചെന്ന് ബസിലുണ്ടായിരുന്നവ‌ർ പറയുന്നു. രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ്സ് ഓടിയിരുന്നത്. കുന്നംകുളം പൊലീസില്‍ രാത്രി തന്നെ വിവരം അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുപോകുമ്പോള്‍ പരാതി കൊടുക്കുമെന്ന് ഡ്രൈവര്‍ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.