കശ്മീരി പണ്ഡിറ്റുകൾക്ക് ഉടൻ സ്വന്തം നാട്ടിലേക്ക് മടങ്ങാമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാ​ഗവത്.  സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾ സ്വന്തം നാട്ടിലേക്ക് പോകുമ്പോൾ ആരും തടയില്ലെന്നും അതിനായുള്ള അന്തരീക്ഷം ഒരുക്കുകയാണെന്നും ഇനി ആരും ഇവരെ ആട്ടിപ്പായിക്കില്ലെന്നും ആർ എസ് എസ് തലവൻ വ്യക്തമാക്കി. നവ്രേഹ് ആഘോഷങ്ങളുടെ ഭാ​ഗമായി കശ്മീരി പണ്ഡിറ്റുകളോട് വെർച്വലായി സംവദിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ കശ്മീർ ഫയൽസ് എന്ന സിനിമയെയും ഭാ​ഗവത് പ്രശംസിച്ചു.

യഹൂദർ അവരുടെ മാതൃരാജ്യത്തിനായി 1800 വർഷത്തോളം പോരാടിയെന്ന്  ഇസ്രായേലിനെ പരാമർശിച്ച് ഭാ​ഗവത് പറഞ്ഞു. കഴിഞ്ഞ 100 വർഷങ്ങളിൽ, ഇസ്രായേൽ അതിന്റെ ലക്ഷ്യം കൈവരിക്കുന്നതും ലോകത്തിലെ മുൻ‌നിര രാജ്യങ്ങളിലൊന്നായി മാറുന്നതും നമ്മൾ കണ്ടു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിട്ടും കശ്മീരി പണ്ഡിറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കേണ്ടി വന്നിട്ടുണ്ട്. ജന്മനാട് മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് കശ്മീർ താഴ്‌വരയിലേക്ക് പണ്ഡിറ്റുകളുടെ തിരിച്ചുവരവിന് വഴിയൊരുക്കും. തീവ്രവാദത്തെ പരാജയപ്പെടുത്തി എല്ലാവരുമായും സമാധാനപരമായി ജീവിക്കണമെന്നും ഭാ​ഗവത് പറഞ്ഞു.