പ്രമുഖ നാടക- ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്‍ണന്‍കുട്ടി ഭാഗവതരുടെ മകനാണ് (Kainakary Thankaraj).

പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ് തങ്കരാജ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. ഇടക്കാലത്ത് നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ‘ആനപ്പാച്ചന്‍’ ആയിരുന്നു ആദ്യ ചിത്രം.

പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഇതിനു ശേഷം ‘അച്ചാരം അമ്മിണി ഓശാരം ഓമന’, ‘ഇതാ ഒരു മനുഷ്യന്‍’, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ശേഷം കൈനകരി തങ്കരാജ്  കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു. എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി. അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ ‘ഈ മ യൗ’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തിൽ അഭിനയിക്കുന്നത്. ഫാസിൽ, നെടുമുടി വേണു, അലപ്പി അഷ്‍റഫ്  തുടങ്ങിയവർക്കൊപ്പം മത്സര നാടകങ്ങൾ ചെയ്‍‍തു. ‘അണ്ണൻ തമ്പി’യിലൂടെയാണ് സിനിമയിലേക്ക് രണ്ടാം വരവ്. കൈനകരി തങ്കരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയടക്കമുള്ളവര്‍ രംഗത്ത് എത്തി.