തികച്ചും നാടകീയമായ നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച ഇമ്രാൻ ഖാൻ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ്. എന്നാൽ എല്ലാം ഇമ്രാന്‍റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല പ്രതിപക്ഷം. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വ്യക്തമാക്കി കഴിഞ്ഞു. നടന്നത് ഭരണഘടനാ ലംഘനമാണെന്നാണ് പിപിപി വാദം, നീതി കിട്ടും വരെ സഭയിൽ തുടരാനാണ് തീരുമാനം. അതിനിടെ പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി പാക് പ്രസിഡൻ്റ് ആരിഫ് അലവി അറിയിച്ചു.

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കർ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു.