വീട്ടിലെ ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയുള്ള അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു.  പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അര്‍ബന്‍ ബാങ്കിന്‍റെ ജപ്തി നടപടി. ഈ സമയത്ത് നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തുടര്‍ന്ന് മാത്യു കുഴൽനാടൻ എംഎൽഎ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റുകയായിരുന്നു. ബാങ്ക് നടപടി നീട്ടിവെയ്ക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ച് നോക്കിയിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജപ്തി ചെയ്ത് അധികൃതര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുഴല്‍നാടന്‍ എംഎല്‍എ വീടിന്‍റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റി.

ഒരു ലക്ഷം രൂപയായിരുന്നു അജേഷ് അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. ഹൃദ്രോഗം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.  ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥന് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.